തിരുവനന്തപുരം കമലേശ്വരത്ത് മുറിഞ്ഞുവീണ കേബിളിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞു. അശ്രദ്ധമായി റോഡിൽ കിടന്ന ജിയോ ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ തട്ടിയാണ് അപകടം നടന്നത്. പരിക്കേറ്റ ഓട്ടോറിക്ഷ യാത്രികരായ മൂന്നു പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9 മണിയോടെ കമലേശ്വരത്ത് വച്ചാണ് അപകടം നടന്നത്. റോഡിൽ ജിയോ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ പൊട്ടി വീണതായി വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. ഈ സമയത്ത് ഇതുവഴി കടന്നുപോയ ഓട്ടോറിക്ഷയാണ് കേബിളിൽ തട്ടി മറിഞ്ഞത്.
മഹാരാഷ്ട്ര സ്വദേശിയായ ദമ്പതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ അൽ ആരിഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ പൊട്ടിവീണ ജിയോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളാണ് അപകടത്തിനിടയാക്കിയത് എന്ന് പൊലീസ് അറിയിച്ചു. കേബിളുകൾ എത്രയും വേഗം ഇവിടെ നിന്നും മാറ്റാൻ ജിയോ അധികൃതരോട് ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.