യുജിസി വിലക്കിയിട്ടും എംജി സർവകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നതായി ആക്ഷേപം. യുജിസിയെ എതിർത്ത് പിൻവാതിൽ പ്രവേശനം നടത്താനുള്ള നീക്കമാണ് എംജി സർവകലാശാല നടത്തുന്നതെന്നും പരാതി.
സർവകലാശാലയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.അതേസമയം മലയാളം സർവ്വകലാശാല നെറ്റ് യോഗ്യതയുള്ളവരെ ഒഴിവാക്കി പിഎച്ച്ഡിക്ക് പ്രവേശനം നൽകിയതായും പരാതിയുണ്ട്.
സർവകലാശാലകൾ സ്വന്തമായി നടത്തുന്ന പ്രവേശന പരീക്ഷകൾ വിലക്കികൊണ്ട് യുജിസി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ദേശീയതല പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം ഗവേഷകർക്ക് പിഎച്ച്ഡിക്ക് പ്രവേശനം നൽകേണ്ടതെന്ന് യുജിസി, വിസിമാർക്ക് നിർദേശം നൽകിയിരുന്നു. നെറ്റ് സ്കോറിനോടൊപ്പം 30% മാർക്ക് ഇന്റർവ്യൂവിന് നൽകി അന്തിമ റാങ്ക് പട്ടിക തയ്യാറാകാണമെന്നാണ് യുജിസി ആവശ്യപ്പെട്ടത്.
എന്നാൽ, ഇതിന് വിരുദ്ധമായി എംജി സർവകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ സ്വന്തം നിലയ്ക്ക് നടത്തുന്നതായാണ് ഇപ്പോൾ ഉയരുന്ന പരാതി. ഗവേഷണ സ്ഥാപനങ്ങൾ ഇനി മുതൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്ന് യുജിസി മാർഗനിർദ്ദേശത്തിൽ പറഞ്ഞിട്ടും അത് പാലിക്കുന്നില്ലെന്നാണ് അധ്യാപക സംഘടനയായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതിപ്പെടുന്നത്. ഇതിലൂടെ പിൻവാതിൽ പ്രവേശനത്തിനുള്ള വഴി ഒരുക്കുകയാണ് സർവകലാശാല ചെയ്യുന്നതെന്നും ആരോപണമുണ്ട്.
സർവ്വകലാശാല പ്രവേശനപരീക്ഷ നടത്തുന്നതിലെ പഴുതുകൾ ഉപയോഗിച്ച് SFI വിദ്യാർഥി നേതാക്കൾ വ്യാപകമായി ഗവേഷണ പ്രവേശനം നേടുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതിപ്പെടുന്നു. യുജിസിയുടെ പുതിയ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ എല്ലാ വിസിമാർക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
അതേസമയം നെറ്റ് യോഗ്യത നേടിയവർക്ക് പിഎച്ച്ഡി പ്രവേശനത്തിന് മുൻഗണന നൽകണമെന്ന നിലവിലുണ്ടായിരുന്ന വ്യവസ്ഥപോലും മറികടന്ന് മലയാളം, സംസ്കൃത സർവ്വകലാശാലകൾ പ്രവേശനം നൽകിയതായും പരാതികളുണ്ട്. ഇതിലും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.