നാളിതുവരെയുള്ള ബിജെപിയുടെ എല്ലാ അഴിമതികളുടെയും ശേഖരം എന്ന് വിശേഷിപ്പിച്ച് 'കറപ്റ്റ് മോദി' വെബ്‌സൈറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ അക്കമിട്ട് നിരത്തുന്നതാണ് വെബ്‌സൈറ്റ്. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതൽ ഇസഡ് വരെയുള്ള അക്ഷരങ്ങൾ അടിസ്ഥാനമാക്കിയാണ് അഴിമതികളെ സൈറ്റിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതക്ഷരത്തിൽ ക്ലിക്ക് ചെയ്താലും അതിനനുസരിച്ചുള്ള അഴിമതികളുടെ പട്ടികയാകും ലഭിക്കുക.
സാമൂഹ്യമാധ്യമങ്ങളിൽ ട്രെന്റിങായിരിക്കുകയാണ് 'കറപ്റ്റ് മോദി' വെബ്‌സൈറ്റ്.അഴിമതിയുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ട് അടക്കമുള്ള വിവരങ്ങൾ വെബ്‌സെറ്റിൽ ലഭ്യമാണ്. വിശദമായ വാർത്തകൾക്ക് പുറമെ അഴിമതി ആരോപണങ്ങൾ കോർത്തിണക്കിയുള്ള ഗെയിമുകളും ലഭ്യമാണ്. അദാനി എയർപോർട്ട് അഴിമതിയിൽ തുടങ്ങി റഫാലും നാനോ പ്ലാന്റിന് വേണ്ടിയുള്ള ഭൂമികച്ചവടത്തിൽ ഉയർന്ന ആരോപണങ്ങളും സൈറ്റിലുണ്ട്. വെബ്‌സൈറ്റിന്റെ ഫേസ്ബുക് പേജും ലഭ്യമാണ്. 2018-ലാണ് പേജ് ആരംഭിച്ചിരിക്കുന്നത്. ബിജെപി ഭരണകാലത്ത് നിരവധി ആരോപണങ്ങൾ പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പല സംസ്ഥാനങ്ങളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും വോട്ട് തേടുന്നത്. ധ്രുവ് റാഥി എന്ന യൂറ്റൂബർ അടുത്തിടെ മോദിയൊരു ഏകാധിപതിയാണെന്നതിന് കാരണങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോ ചെയ്തിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടതും പങ്കിട്ടതും. നാല് ദിവസത്തോളം ധ്രുവ് റാഥിയുടെ പേരിലുള്ള ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ്ങുമായിരുന്നു.