കർണ്ണാടക ഹുബ്ബള്ളിയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമത്തിനെ മുൻ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബി ജെ പി. ലൗ ജിഹാദ് ആണ് നേഹയുടെ കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയാണ് നേഹ. പ്രണയാഭ്യാർഥന നിരസിച്ചതിനെ തുടർന്നാണ് ഫയാസ് ഖോണ്ടുനായക് എന്ന മുൻ സഹപാഠി നേഹയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇരുവരും ബിസിഎ കോഴ്‌സ് സമയത്ത് ബാച്ച്‌മേറ്റുകളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കർണാടകയിൽ ക്രമസമാധാനം തകർന്നതിൻ്റെ ഉദാഹരണമാണ് കൊലപാതകമെന്നും സംഭവത്തിന് പിന്നിൽ ലൗ ജിഹാദാണെന്നുമാണ് ബിജെപിയുടെ ആരോപണം. എന്നാൽ,ഇത് ക്രിമിനൽ പ്രവർത്തനമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നിലപാട്.
തന്റെ മകൾ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്നാണ് പെൺകുട്ടിയുടെ പിതാവും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് പറയുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ പ്രതി തന്റെ മകളെ 6 തവണ കുത്തിയതായി നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.