ന്യൂഡല്‍ഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഏപ്രില്‍ 28ന് ടൊറന്റോയില്‍ നടന്ന ഖല്‍സ പരേഡിലായിരുന്നു ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്.
കാനഡയില്‍ വിഘടന വാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നല്‍കുന്നതിന് തെളിവാണെന്ന് ഇന്ത്യ വിമര്‍ശിച്ചു. ഇത്തരം നിലപാട് തുടരുന്നത് ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയില്‍ അക്രമം വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സിഖ് സമുദായത്തിന്റെ അവകാശങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തില്‍ ജസ്റ്റിന്‍ ട്രുഡോ വ്യക്തമാക്കിയിരുന്നു.