തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന ആരോപണവുമായി ശശി തരൂർ എംപി.സഞ്ജുവിന്റെ കരിയർ ക്രിക്കറ്റ് അധികാരികളുടെ ഈഗോയാൽ നശിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു കെസിഎയെ അറിയിച്ചിരുന്നുവെന്നും എന്നാൽ സഞ്ജുവിനെ ടീമിൽ നിന്നൊഴിവാക്കിയ ചിലരുടെ തീരുമാനമാണ് താരത്തിന് വിനയായതെന്നും ശശി തരൂർ എംപി പറഞ്ഞു.
‘‘ വിജയ് ഹസാരെ ട്രോഫിക്കുള്ള ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു സാംസൺ കേരള ക്രിക്കറ്റ് അസോസിയേഷനെ മുൻകൂട്ടി അറിയിച്ചിരുന്നു. പക്ഷേ സഞ്ജുവിനെ അവർ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ നിന്നുമൊഴിവാക്കി. ഇത് കാരണം ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. വിജയ് ഹസാരെ ട്രോഫിയിലെ ഉയർന്ന സ്കോറായ 212 റൺസ് നേടുകയും ഇന്ത്യക്കായി ഏകദിനത്തിൽ 56.66 ശരാശരിയിൽ റൺസെടുക്കുകയും ചെയ്ത സഞ്ജുവിന്റെ കരിയർ ക്രിക്കറ്റ് അധികാരികളുടെ ഈഗോയാൽ നശിക്കുകയാണ്. പോയ പര്യടനത്തിൽ സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തിൽ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. സഞ്ജുവിനെ പുറത്താക്കിയതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ പോലും കടക്കാതെ പുറത്താകുന്നതും അധികാരികൾ ഉറപ്പിച്ചു’’ -ശശി തരൂർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.