കൊച്ചി: തൃപ്പുണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വിശദീകരണ കത്ത് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമെന്ന് മരിച്ച മിഹിറിൻ്റെ അമ്മ. റാഗിങിനെ കുറിച്ച് സ്കൂൾ അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയെന്ന വാദം തെറ്റാണ്. മിഹിർ മരിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. സ്കൂൾ നേരത്തെ ഇടപെട്ടിരുന്നെങ്കിൽ മിഹിർ ജീവനൊടുക്കില്ലായിരുന്നെന്നും അമ്മ പറഞ്ഞു.സ്കൂൾ കാര്യങ്ങൾ മറിച്ചുവച്ച് തെറ്റായ പ്രചാരണം നടത്തുകയാണ്. മിഹിറിന് സ്കൂൾ നൽകിയത് നിയമാനുസൃതമായ പ്രവേശനം മാത്രമായിരുന്നുവെന്നും അമ്മ വ്യക്തമാക്കി.
മിഹിറിനെ വ്യക്തിഹത്യ നടത്തുന്ന നിലയിലുള്ള പരാമർശങ്ങളാണ് കുറിപ്പിലുള്ളത്.വാർത്താ കുറിപ്പിൽ മിഹിർ പെൺകുട്ടികളെ ആക്രമിക്കുന്ന കുഴപ്പക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ട്. മിഹിറിൻ്റെ കുടുംബത്തിൻ്റെ സ്വകാര്യതയും വാർത്ത കുറിപ്പിൽ അപകീർത്തിപ്പെടുത്താനായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രവർത്തനം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും NoC ഇല്ലെന്നും അപേക്ഷിച്ചിരിക്കുകയാണെന്നും വാർത്താക്കുറിപ്പിൽ സ്കൂൾ വ്യക്തമാക്കിയിരുന്നു.ഇതിനിടെ മിഹിർ മുൻപ് പഠിച്ചിരുന്ന GEMS പബ്ളിക്ക് സ്കൂളിലെ പ്രിൻസിപ്പാളിനെ പോലിസ് ചോദ്യം ചെയ്തിരുന്നു.ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മിഹിർ. സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി.