തിരുവനന്തപുരം: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്‍റെ ആത്മഹത്യയെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റാഗിങ് സമൂഹത്തിൽ നിന്നും പൊലീസിൽ നിന്നും മറച്ചു വക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചു. റാഗിങ് സംബന്ധിച്ച പരാതി സ്കൂൾ അധികൃതർ നിഷേധിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രവർത്തിക്കാനുള്ള എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് ഇതുവരെ സ്കൂൾ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ സ്കൂളുകൾക്ക് പ്രവർത്തിക്കാൻ എൻഒസി ആവശ്യമാണ്. എന്നാൽ സ്കൂൾ അധികൃതർ ഇത് വരെ രേഖകൾ ഹാജരാക്കാൻ തയാറായിട്ടില്ല.മിഹിർ അഹമ്മദിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ നിരവധി മാതാപിതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സമാന രീതിയിൽ സ്കൂളിൽ നിന്നും റാഗിങ് തങ്ങളുടെ കുട്ടിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഈ മാതാപിതാക്കൾ പറയുന്നു.
ഇത്തരത്തിൽ ഇനി ഒരു കുട്ടിക്കും ഉണ്ടാകാതിരിക്കാൻ വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി.