ന്യൂഡല്‍ഹി: കോൺഗ്രസ്സിനെ കുഴക്കിയ ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ ജന്‍പഥ് വസതിയുടെ പിന്‍വശത്തെ ഗേറ്റ് വഴി തരൂര്‍ മടങ്ങി.
കൂടിക്കാഴ്ചയില്‍ തരൂര്‍ ദേശീയ നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചു. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു. കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.മൂന്ന് വര്‍ഷത്തിനുശേഷമാണ് രാഹുല്‍ - തരൂര്‍ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമായി. ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദേശീയനേത്യത്വത്തിന്റെ ഇടപെടല്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്.