Share this Article
Union Budget
എമ്പുരാന്‍ വിവാദം: സെൻസർ ബോർഡിനെ പഴിച്ച് ബിജെപി; ബോര്‍ഡിലെ RSS നോമിനികള്‍ക്കെതിരെ ബിജെപി; ചിത്രത്തിന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍
വെബ് ടീം
posted on 28-03-2025
1 min read
emburan

തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ സ്‌ക്രീനിങ് കമ്മിറ്റിയിലുള്ള ആര്‍.എസ്.എസ്. നോമിനികള്‍ക്ക് വിഴ്ചയുണ്ടായതായി ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. ബി.ജെ.പിയുടെ സാംസ്‌കാരികസംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് അടക്കം നാലുപേരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയം ചര്‍ച്ചക്കെത്തിയപ്പോള്‍ എമ്പുരാനെതിരായ പ്രചാരണം ബി.ജെ.പി. നടത്തേണ്ടതില്ല എന്നാണ് കോര്‍ കമ്മിറ്റിയില്‍ നിലപാട്

. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി.സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ വന്നപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്ന ബി.ജെ.പി അംഗങ്ങളുടെ കാലാവധി നവംബറില്‍ അവസാനിച്ചതായും ബി.ജെ.പിയുടെ നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്നും കെ. സുരേന്ദ്രന്‍ വിശദീകരിച്ചു. ഈ വിഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു.പൃഥ്വിരാജ്-മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം വൈകാതെ താന്‍ സിനിമ കാണുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉയര്‍ന്നത്. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണെന്നും അതിനാലാണ് വിജയാശംസ നേര്‍ന്നതെന്നുമാണ് രാജീവ് ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച നല്‍കിയിരിക്കുന്ന വിശദീകരണം. സിനിമയുടെ ഉള്ളടക്കത്തെയല്ല താന്‍ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍.എസ്.എസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാവായ ജെ. നന്ദകുമാര്‍ അടക്കം ഫെയ്‌സ്ബുക്കിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നും മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സിനിമയുടെ ബഹിഷ്‌കരണം പോലുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും എം.ടി. രമേശ് അഭിപ്രായപ്പെട്ടിരുന്നു. സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേയുള്ള അഭിപ്രായങ്ങളുണെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു എം.ടി. രമേശിന്റെ പ്രതികരണം. ഇതിനിടെ ഇടത്- സംഘപരിവാര്‍ അനുകൂലികള്‍ തമ്മില്‍ സൈബര്‍പ്പോരും ഉയര്‍ന്നിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories