സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹര സമരം തുടർന്ന് വനിത സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ. സമരം പത്ത് ദിവസം പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ. വിവിധ സമര രീതികൾ നടത്തി സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് സമരക്കാർ..
റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം ബാക്കി. പ്രതീക്ഷയോടെ സമരം തുടരുകയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ. നിരാഹാര സമരത്തിന് പുറമെ മുട്ടിലിഴഞ്ഞും മുട്ടുകുത്തിയും കയ്യിൽ കർപ്പൂരം കത്തിച്ചും ആരോഗ്യം നോക്കാതെയുള്ള സമരരീതികൾ, മാനസികമായും ശാരീരികമായും പലരും തളർന്നു. പോലീസ് തൊപ്പി സ്വപ്‍നം കണ്ട് പ്ലാവില തൊപ്പിയണിഞ്ഞ് നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും മറുപടി നൽകുന്നില്ല സർക്കാർ. ഇപ്പോഴും പക്ഷെ പ്രതീക്ഷ മങ്ങാതെ സമരം തുടരുകയാണ്…
റാങ്ക് ലിസ്റ്റ് 19ന് അവസാനിക്കും. റാങ്ക് ലിസ്റ്റിൻറെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 30 ശതമാനത്തിൽ താഴെ പേരെ മാത്രമാണ് നിയമിച്ചത്. പകുതി പേരെയെങ്കിലും നിയമിക്കണം എന്നാണ് ഇവരുടെ ആവശ്യം.