എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ചോദ്യംചെയ്യൽ തുടരുന്നു. ഡല്‍ഹി ആസ്ഥാനത്ത് അതീവ സുരക്ഷയോടെ പ്രത്യേക സെല്ലിലാണ് ചോദ്യം ചെയ്യല്‍. അതേസമയം റാണയെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന യുഎസ് മാര്‍ഷലുകളുടെ ആദ്യ ചിത്രങ്ങളും പുറത്തുവന്നു.
യുഎസ് മാര്‍ഷലുകള്‍ അരികിലായി നില്‍ക്കുന്ന റാണയെ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുടെ കസ്റ്റഡിയില്‍ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചതിന്റെ ഫോട്ടോകളാണ് പുറത്ത് വന്നത്. രഹസ്യമാത്മകമായാണ് തഹാവൂര്‍ റാണയെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെത്തിച്ചത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു.
മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. കേസില്‍ ഒന്നാം പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് തഹാവൂര്‍ റാണയുമായി മുഴുവന്‍ ഓപ്പറേഷനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ കോടതി മൂന്നാഴ്ചത്തേക്കാണ് റാണയെ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി കാലയളവില്‍ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്്.
ഭീകരക്രമണത്തെ സംബന്ധിച്ച നിരവധി കാര്യങ്ങള്‍ ഇനിയും പുറത്ത് വരേണ്ടതുണ്ട്. ഭീകരക്രമണത്തിന് മുന്‍പ് ഇന്ത്യയിലെത്തിയ റാണ സന്ദര്‍ശിച്ച സ്ഥലങ്ങള്‍, കണ്ടുമുട്ടിയ വ്യക്തികള്‍, ലാഷ്‌കര്‍ ഇ ത്വയ്ബ ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്‍ ബന്ധം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ ഐ എ യും കേന്ദ്ര അന്വേഷണ ഏജന്‍സികളും.