മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവയ്ക്കണം. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും നിര്‍ദ്ദേശമുണ്ട്.
549 കോടി നഷ്ടപരിഹാരം വേണമെന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് അറിയിച്ച ഹൈക്കോടതി നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി. നിലവില്‍ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേ 17 കോടി രൂപകൂടി അധികം നല്‍കാനും കോടതി പറഞ്ഞു.
പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിയാണ് ഹൈക്കോടതി പരിഗണിച്ചത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ്, ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇടക്കാല വിധി പറഞ്ഞത്.
ഉദ്യോഗസ്ഥര്‍ എസ്റ്റേറ്റ് ഭൂമി പരിശോധിക്കാതെയാണ് വില നിശ്ചയിച്ചതെന്ന് എല്‍സ്റ്റണ്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു. ഇത് അപര്യാപ്തമാണെന്നും, മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നുമായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ വാദിച്ചത്. പുനരധിവാസ പ്രവര്‍ത്തികള്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. ഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.