സസ്പെന്‍ഷനിലായ എൻ പ്രശാന്ത് ഐഎഎസിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ. ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യമാണ് സർക്കാർ എതിർത്തത്. അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ ഹിയറിംഗിന് രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഈ മാസം 16നാണ് ചീഫ് സെക്രട്ടറിക്ക് മുന്നിൽ പ്രശാന്ത് ഹാജരാക്കേണ്ടത്.
ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത് ഐഎഎസ്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമായിരുന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. തുടർന്ന്പ്രശാന്തിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ഹിയറിംഗ് നടത്താനായി ഈ മാസം 16ന് ഹാജരാകാൻ ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കി.
എന്നാൽ, ഇവിടെയാണ് പുതിയ വിവാദം ഉടലെടുക്കുന്നത്. ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്നും റെക്കോർഡ് ചെയ്യണമെന്നുമാണ് എൻ പ്രശാന്തിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ ഹിയറിംഗിന് രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ പറയുന്നു. വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വരെ വ്യക്തമാക്കുന്നത്. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഹിയറിങ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ നവംബര്‍ 11 നായിരുന്നു പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെയും കെ ഗോപാലകൃഷ്ണൻ ഐഎഎസിനെയും പ്രശാന്ത് കടന്നാക്രമിച്ചത് ഐഎഎസ് പോരിന് തുടക്കം കുറിച്ചിരുന്നു. വിഷയത്തിൽ നടപടി സ്വീകരിച്ചതോടെ ചീഫ് സെക്രട്ടറിയോടും പോരടിചിരുന്നു.