ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെ ആണെന്ന് ചൂണ്ടിക്കാട്ടി എ രാജ സുപ്രീംകോടതിയെ സമീപിച്ചു. തന്റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും സംവരണത്തിന് എല്ലാ അര്‍ഹതയും തനിക്കുണ്ടെന്നാണ് രാജ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന്‍ ജി പ്രകാശാണ് രാജയ്ക്കായി ഹര്‍ജി ഫയല്‍ ചെയ്തത്. രാജയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി വിധിക്ക് കഴിഞ്ഞ ദിവസം ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.
സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. സ്റ്റേ കാലയളവില്‍ എംഎല്‍എ എന്ന നിലയില്‍ യാതൊരുവിധ പ്രതിഫലവും വാങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനേയും നിയമസഭാ സ്പീക്കറേയും അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ തുടര്‍ നടപടികള്‍ക്കടക്കമാണ് സ്റ്റേ ഉത്തരവ് ബാധകമാകുക. മാര്‍ച്ച് 22-നാണ് ദേവീകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.