മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി നല്‍കിയ ആര്‍.എസ്. ശശികുമാറിനും മാധ്യമങ്ങള്‍ക്കുമെതിരെ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. രാഷ്ട്രീയം നോക്കിയല്ല സഹായ വിതരണമെന്നും ഇനിയും അത് തുടരുമെന്നും കെ ടി ജലീല്‍ ഫോസ്ബുക്കില്‍ കുറിച്ചു.
എം.കെ.മുനീറിന് പോക്കറ്റ് മണി നല്‍കിയതും പൊതുഖജനാവില്‍ നിന്നാണെന്നും ജലീല്‍ കുറിപ്പില്‍ വ്യക്തമാക്കി.
ലോകയുക്ത കേസിന് ആധാരമായ ദുരിതാശ്വാസ ഫണ്ട് വിതരണത്തെ ന്യായീകരിക്കുകയാണ് മുന്‍ മന്ത്രി കെ ടി ജലീല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്കേ സഹായം കൊടുത്തിട്ടുള്ളൂ. പാര്‍ട്ടി നോക്കിയല്ല ഇതില്‍ നിന്ന് പണം അനുവദിക്കുന്നത്. ഭാവിയിലും അങ്ങനെതന്നെയാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ കളത്തില്‍ അബ്ദുല്ലയ്ക്ക് 20 ലക്ഷം ചികിത്സയ്ക്ക് നല്‍കി.
സുനാമി ഫണ്ടില്‍ നിന്ന് പുഴ പോലുമില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് വാരിക്കോരി കൊടുത്തു. എം.കെ.മുനീറിന് പഠനത്തിനും പോക്കറ്റ് മണിയായും പൊതുഖജനാവില്‍ നിന്നാണ് പണം എടുത്ത് കൊടുത്തത്. ആ സമയത്ത് ഈ ഹര്‍ജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു എന്നും ജലീല്‍ ചോദിച്ചു.
അന്നൊന്നുമില്ലാത്ത 'ചൊറിച്ചില്‍'രാമചന്ദ്രന്‍ നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതങ്ങ് സഹിച്ചേര് എന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.