മുംബൈ: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേരളത്തിലേക്ക്. ഉടൻ തന്നെ മുംബൈ ക്രൈബ്രാഞ്ച് സംഘം കേരളത്തിലേക്കെത്തുമെന്നാണ് വിവരം.ഭീകരാക്രമണ കേസിൽ കസ്റ്റഡിയിലുള്ള തഹാവൂർ റാണ കേരളം സന്ദർശിച്ചെന്ന് മൊഴി നൽകിയതോടെയാണ് അന്വേഷണ സംഘം കേരളത്തിലേക്കെത്തുന്നത്.
പരിചയക്കാരെ കാണാനായി കേരളത്തിലും ഡൽഹിയിലുമെത്തിയെന്നാണ് റാണയുടെ മൊഴി.എന്നാൽ, മുംബൈ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റാണ നൽകുന്ന മൊഴി. ഡേവിഡ് കോൾമാൻ ഹെഡ്ലിയാണ് (ദാവൂദ് ഗിലാനി) ആക്രമണത്തിനു പിന്നിലെന്നും റാണ പറയുന്നു.
ഇതിനിടെ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതാണ് പഹൽഗാം ഭീകരാക്രമണത്തിനു കാരണമായതെന്ന സംശയവും ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്. റാണയെ ഇന്ത്യയിലെത്തിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റാണയെ ചോദ്യം ചെയ്യാനായി പാർപ്പിച്ചിരിക്കുന്ന എൻഐഎ ആസ്ഥാനത്തിന്റെ സുരക്ഷ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ചിട്ടുണ്ട്.