ന്യൂഡൽഹി: 26പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ. ഇതിന്റെ നിർണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോൺ സംഭാഷണങ്ങളിലും മുപ്പതിലേറെ വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളിലും ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. ഭീകര സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ‘ഇലക്ട്രോണിക് സിഗ്നേച്ചർ’ പാക്കിസ്ഥാനിൽ രണ്ടിടത്തെങ്കിലും കണ്ടെത്തിയിട്ടുണ്ട്. ചില ഭീകരരെ തിരിച്ചറിഞ്ഞു. അവരുടെ മുൻകാല പ്രവർത്തനങ്ങളും ഭീകരാക്രമണ പങ്കാളിത്തവും അവർ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു.