ന്യൂഡല്‍ഹി: വഖഫ് നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത് എന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. വിഷയത്തില്‍ നാളെയും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനും ജ. പി വി സഞ്ജയ് കുമാർ, ജ. കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ടതുമായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. വഖഫ്-ബൈ-യൂസര്‍, ആധാരം വഴിയുള്ള വഖഫ് ഏതായാലും ഇതില്‍ മാറ്റം വരരുത് എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ എന്നു പരിശോധിക്കുമ്പോള്‍ നിര്‍ദിഷ്ട സ്വത്ത് വഖഫ് ആയി കണക്കാക്കില്ല എന്ന നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തില്‍ വരുത്തില്ലെന്നും കോടതി പറഞ്ഞു. വഖഫ് ബോര്‍ഡുകളിലെയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും എക്‌സ്-ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ മുസ്ലീങ്ങളായിരിക്കണമെന്നും കോടതി വ്യക്തമാക്കി.വിഷയത്തില്‍ വ്യാഴാഴ്ച വൈകീട്ട് രണ്ട് മണി മുതല്‍ വാദം തുടരും. കേന്ദ്ര സര്‍ക്കാരിന്റ ആവശ്യം അനുസരിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ വാദം നാളേയ്ക്ക് കൂടി നീട്ടിയത്.