സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാസർഗോഡ് സംഘടിപ്പിക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.
ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടത്തും.കാസർകോട് നിന്ന് ആരംഭിക്കുന്ന വാർഷികാഘോഷത്തിന്റെ സമാപനം തിരുവനന്തപുരത്താണ്. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും.
സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ, ട്രേഡ് യൂണിയൻ/ തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിന്റെ ഭാഗമാകും. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മേഖലാ അവലോകന യോഗങ്ങളും സംഘടിപ്പിക്കും.
എല്ലാ ജില്ലകളിലും എന്റെ കേരളം പ്രദർശന വിപണന മേളയും സംഘടിപ്പിക്കും. പ്രദർശന-വിപണന മേളയുടെ ഏകോപനത്തിന്റെ ചുമതല ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും.
വകുപ്പുകളുടെ സ്റ്റാളുകളിൽ സർക്കാരിന്റെ 9 വർഷത്തെ വികസന - ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങളും പരിപാടിയുടെ ഭാഗമായി നടത്തും.