വനിത സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമോ. 45 ഉദ്യോഗാർത്ഥികൾക്കാണ് അഡ്വൈസ് മെമോ ലഭിച്ചത്. സമരം ചെയ്യുന്നവരിൽ മൂന്ന് പേർക്ക് ആണ് ഇതിലൂടെ നിയമനം ലഭിച്ചത്. അതേസമയം നിയമനം ലഭിക്കാത്തവർ സമരം തുടരുകയാണ്.
വനിത സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനിടെയാണ് റാങ്ക് പട്ടികയിലെ 45 ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമോ ലഭിച്ചത്. കേരള പോലീസ് അക്കാദമിയിൽ വിവിധ കാരണങ്ങളാൽ പലരും ഒഴിഞ്ഞ് പോയതും മറ്റ് ജോലികൾക്ക് പോയതുമാണ് നിലവിൽ റിപ്പോർട്ട് ചെയ്ത ഒഴിവിന് കാരണമായത്.
സമരം ചെയ്യുന്നവരിൽ വെറും മൂന്ന് പേർക്ക് ആണ് പുതിയ അഡ്വൈസിലൂടെ നിയമനം ലഭിച്ചത്. മറ്റുള്ളവർ പ്രതിഷേധം തുടരുകയാണ്. ഉദ്യോഗാർഥികളുടെ പ്രതീകാത്മക കോലം കെട്ടി തൂക്കിയും ബാലറ്റ് പെട്ടി നിർമിച്ചും പ്രതിഷേധം കടുപ്പിച്ചു. സമരം അവസാനിപ്പിക്കാൻ പല ദിശകളിൽ നിന്നും സമ്മർദ്ദം ഉള്ളതായും ഉദ്യോഗാർത്ഥികൾ പറയുന്നു. എന്നാൽ പ്രതിഷേധം ശക്തമാക്കുകയാണ് ഇവർ.ഈ മാസം തുടക്കത്തിലാണ് വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 20 നാണ് 964 പേരുൾപ്പെട്ട വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. 30 ശതമാനത്തിൽ താഴെ മാത്രം പേർക്ക് നിയമനം നടത്തിയതാണ് പ്രതിഷേധം ശക്തമാകാൻ കാരണം.