സേലം: സ്ഥിരം പോകുന്ന സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നെഞ്ചിൽ ഉൾപ്പെടെ അടിയേറ്റുവീണ ഒമ്പതാംക്ലാസുകാരന്‍ മരിച്ചു. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരേ പൊലീസ് കേസെടുത്തു.തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍വിട്ട് മടങ്ങുന്നതിനിടെയാണ് സഹപാഠികളായ രണ്ടുപേരും തമ്മില്‍ സ്‌കൂള്‍ബസില്‍വെച്ച് തര്‍ക്കമുണ്ടായത്. ബസില്‍ സീറ്റിനെച്ചൊല്ലിയായിരുന്നു ഇരുവരും വഴക്കിട്ടതെന്നാണ് വിവരം.
വഴക്കിനിടെ സഹപാഠി കണ്ടഗാരുവിന്റെ നെഞ്ചില്‍ ഇടിച്ചു. അടിയേറ്റ കുട്ടി ബസിനുള്ളില്‍ തലയിടിച്ച് വീഴുകയും ബോധരഹിതനാവുകയുമായിരുന്നു.ഉടന്‍തന്നെ ഡ്രൈവര്‍ ബസില്‍തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐ.സി.യുവില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.