തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ വക്കാലത്തിൽനിന്ന് അഡ്വക്കറ്റ് കെ. ഉവൈസ് ഖാൻ ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെ.പി.സി.സിക്ക് പരാതി കിട്ടിയിരുന്നു. വക്കീലിന്‍റെ നീക്കം കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്നും കേസിൽ ഹാജരാകുന്നതിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്.
ഇതിനു പിന്നാലെയാണ് വക്കാലത്തൊഴിഞ്ഞത്.അതിനിടെ വെള്ളിയാഴ്ച രാവിലെ ആറരയോടെ അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. ആത്മഹത്യ ശ്രമമാണെന്ന സംശയം ആദ്യം ഉണ്ടായിരുന്നതെങ്കിലും രക്തസമ്മർദം കുറഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞു.