Share this Article
Union Budget
'ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്'; മണ്ഡല പുനര്‍നിര്‍ണയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കേരളം
വെബ് ടീം
5 hours 23 Minutes Ago
1 min read
cm

തിരുവനന്തപുരം: ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണ്ണയ വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഏകപക്ഷീയമായി പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം പ്രതിരോധിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നീക്കത്തിന് പിന്നാലെയാണ് പിണറായി വിജയന്റെ പ്രതികരണം.

മണ്ഡല പുനര്‍ നിര്‍ണ്ണയം നടപ്പാക്കുമ്പോള്‍ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുത്. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തില്‍ കുറവ് വരാതെ വേണം പുനര്‍ നിര്‍ണയം നടത്തേണ്ടത്. സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സര്‍ക്കാരുകള്‍ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികള്‍ക്കും കുടുംബാസൂത്രണ നയങ്ങള്‍ക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ആനുപാതിക പ്രാതിനിധ്യത്തില്‍ കുറവു വരുത്തുന്നത് അനീതിയാണ്. ഇതിലെല്ലാം വീഴ്ച വരുത്തിയ സംസ്ഥാനങ്ങള്‍ക്ക് പാരിതോഷികം നല്‍കുന്നതിന് തുല്യമാകുന്ന അവസ്ഥയുണ്ടാകരുത് എന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രോ-റേറ്റാ അടിസ്ഥാനത്തില്‍ അധിക മണ്ഡലങ്ങള്‍ ലഭിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. നിലവിലെ പാര്‍ലമെന്റ് സീറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണോ അതല്ല ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ ഈ പ്രോ-റേറ്റാ വിതരണം നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത നല്‍കാന്‍ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ഈ രണ്ടു രീതിയില്‍ ആയാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യ നഷ്ടമാണ് സംഭവിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കി ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്റെതാണ്.1952, 1963, 1973 വര്‍ഷങ്ങളിലാണ് രാജ്യത്ത് നേരത്തെ മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയ നടത്തിയത്. എന്നാല്‍, 1976 ല്‍ 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ പ്രക്രിയ 2000 നു ശേഷമുള്ള ആദ്യ സെന്‍സസ് (2001) വരെ താത്കാലികമായി മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായായിരുന്നു ഇത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ജനസംഖ്യയുടെ കാര്യത്തിലുള്ള അസമത്വം തുടര്‍ന്നതിനാല്‍ 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മരവിപ്പിക്കല്‍ 2026-നു ശേഷമുള്ള ആദ്യ സെന്‍സസ് ( 2031 ) വരെ ദീര്‍ഘിപ്പിച്ചത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ധൃതിപിടിച്ച പുതിയ നീക്കം എന്നും മുഖ്യമവന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.ലോക്‌സഭാ മണ്ഡല പുനര്‍ നിര്‍ണ്ണയ വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ വിളിച്ചു ചേര്‍ക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് കേരള മുഖ്യമന്ത്രിയെ തമിഴ്നാട് സര്‍ക്കാർ പ്രതിനിധികൾ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഡോക്ടര്‍ തമിഴച്ചി തങ്ക പാണ്ഡ്യന്‍ എംപി എന്നിവര്‍ നേരിട്ട് എത്തിയാണ് ഈ മാസം 22ന് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ എത്തിയ അവര്‍ എം കെ സ്റ്റാലിന്റെ ആത്മകഥയും മുഖ്യമന്ത്രിക്ക് സമ്മാനിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories