കോഴിക്കോട്: നവകേരള ബസ് കോഴിക്കോട് - ബെംഗളുരു റൂട്ടിൽ ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും. 'ഗരുഡ പ്രീമിയം' എന്ന പേരിലായിരിക്കും ബസ് വീണ്ടും നിരത്തിലിറങ്ങുക. 26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും.
കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. സര്‍വീസിന് 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് എത്തിക്കും. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിരുന്നു. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചതിനാലാണ് സര്‍വീസ് ആരംഭിക്കുന്നത്.
ടോയ്ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്. സര്‍വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും. സംസ്ഥാന സര്‍ക്കാരന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. യാത്ര കഴിഞ്ഞാല്‍ ബസ് മ്യൂസിയത്തില്‍ വെക്കാമെന്നും ബസിന്റെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു.