തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി മത, സാമുദായിക സംഘടനകളുടെ നേതാക്കളുടെ യോഗവും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ഓണ്‍ലൈനായി ഇന്നു ചേര്‍ന്നിരുന്നു. ലഹരിവിരുദ്ധ ക്യാംപെയ്‌ന് അകമഴിഞ്ഞ പിന്തുണയാണ് എല്ലാവരും വാഗ്ദാനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ലഹരിവ്യാപനവും ഉപയോഗവും തടയുന്നതിനൊപ്പം കുട്ടികളില്‍ അക്രമോത്സുകത വളരുന്നത് ശാസ്ത്രീയമായി തടയുകയും വേണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. മത, സാമുദായിക സംഘടനകളും മറ്റും കൂട്ടായ്മകളില്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കുന്നത് നന്നാവും. മതപഠനശാലകളില്‍ ലഹരിവിരുദ്ധ ഉള്ളടക്കം ഉള്‍പ്പെടുത്തുന്നതു പരിഗണിക്കണം. രാഷ്ട്രീയപാര്‍ട്ടികളും ഇത്തരത്തില്‍ പ്രവര്‍ത്തനം സജീവമാക്കണം. ഒരാളെയും ലഹരിക്കു വിട്ടുകൊടുക്കില്ല എന്ന പൊതുബോധത്തോടെയുള്ള നിര്‍ദേശമാണ് യോഗങ്ങളില്‍ ഉയര്‍ന്നത്. എല്ലാവരുടെയും പിന്തുണയോടെ ജൂണില്‍ വിപുലമായ ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളെയും യുവാക്കളെയും കൂടുതലായി ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കും. ഏപ്രില്‍ 8 മുതല്‍ 14 വരെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 927 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 994 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 248.93 ഗ്രാം എംഡിഎംഎയും 77.12 കിലോ കഞ്ചാവും പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.