Share this Article
കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരും; വരും ദിവസങ്ങളിൽ ഇടതു നേതാക്കളും എത്തുമെന്ന് കെ സുരേന്ദ്രൻ
വെബ് ടീം
posted on 13-03-2024
1 min read
K SURENDRAN SAYS CONGRESS LEADERS WILL JION BJP

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്തുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ എല്‍.ഡി.എഫ്., യു.ഡി.എഫ്. നേതാക്കള്‍ ബിജെപിയിൽ അംഗത്വമെടുക്കുമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. 

ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ നൽകുന്ന സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . പല മണ്ഡലങ്ങളിലും ബിജെപി വലിയ ശക്തിയായി ഉയർന്നുവന്നതോടെ ആശങ്കയിലായ ഇടതു, വലതു മുന്നണികൾ പരസ്യ ബാന്ധവത്തിനുപോലും ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

‘പത്മജ വേണുഗോപാലിന്റെ പാർട്ടി പ്രവേശനത്തിനു ശേഷം എല്ലാ ജില്ലകളിലും കോൺഗ്രസിൽനിന്നും ഇടതു മുന്നണിയിൽനിന്നും ബിജെപിയിൽ ചേരാൻ തീരുമാനിച്ച് നേതാക്കളും ജനവും ഞങ്ങളോടൊപ്പം അണിനിരക്കുന്ന സാഹചര്യം ഉണ്ടാകും. ഈ തിരഞ്ഞെടുപ്പിൽ കേരളം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട കക്ഷിയായി ദേശീയ ജനാധിപത്യ സഖ്യം മാറുമെന്ന കാര്യത്തിൽ സംശയമില്ല.

‘‘പല മണ്ഡലങ്ങളിലും എൻഡിഎ ഏറ്റവും പ്രധാനപ്പെട്ട കക്ഷിയായി ഉയർന്നുവന്നിരിക്കുന്നു. ഇവിടങ്ങളിലെല്ലാം ഇരു മുന്നണികളും ആശങ്കയിലാണ്. പലയിടത്തും എൽഡിഎഫ് – യുഡിഎഫ് ധാരണയ്ക്കുള്ള ശ്രമം നടക്കുന്നുണ്ട്. എൻഡിഎയ്ക്ക് വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലങ്ങളിൽ അത്തരത്തിലുള്ള എൽഡിഎഫ് – യുഡിഎഫ് പരസ്യ ബാന്ധവത്തിന് ശ്രമം നടക്കുന്നു.

‘‘ഇന്നലെ തിരുവനന്തപുരത്ത് മുതാക്കൽ പഞ്ചായത്തിൽ പരസ്യമായി എൽഡിഎഫ് – യുഡിഎഫ് സഖ്യം നാം കണ്ടു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫ് – യുഡിഎഫ് സഖ്യത്തിനാണ് ശ്രമം നടക്കുന്നത്. ദേശീയ തലത്തിലുള്ള മുന്നണി കേരളത്തിലും യാഥാർഥ്യമാക്കാനാണ് പിണറായി വിജയനും വി.ഡി. സതീശനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരു മുന്നണികളുടെയും നിലനിൽപ് അപകടത്തിലായിരിക്കുകയാണ്.

‘‘യുഡിഎഫ് വല്ലാത്ത പരിഭ്രാന്തിയിലാണ്. അതുകൊണ്ടാണ് സർജിക്കൽ സ്ട്രൈക്ക് എന്നൊക്കെ പറയുന്ന നടപടികൾ ഉണ്ടായത്. പക്ഷേ, ഒന്നും വിലപ്പോവില്ല. ജനങ്ങൾ നരേന്ദ്ര മോദിക്കൊപ്പമാണ്, എൻഡിഎയ്ക്ക് ഒപ്പമാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇരു മുന്നണികളുടെയും രാഷ്ട്രീയം അവസാനിക്കും. പുതിയൊരു രാഷ്ട്രീയം കേരളത്തിൽ ഉയർന്നുവരിക തന്നെ ചെയ്യും. 

‘‘പ്രമുഖരായ നേതാക്കളാണ് ബിജെപിയിലേക്ക് വരുന്നത്. എല്ലാം നാളെ 11 മണിയോടെ നിങ്ങൾക്ക് ബോധ്യമാകും. കോൺഗ്രസിൽനിന്ന് നാളെത്തന്നെ പ്രധാന നേതാക്കളെത്തും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശശി തരൂരിന്റെ വികസനവിരുദ്ധ നയങ്ങളിലും മണ്ഡലത്തെ അവഗണിക്കുന്നതിലും സംസ്ഥാനത്ത് പൊതുവെ കോൺഗ്രസ് എടുക്കുന്ന സമീപനങ്ങളിൽ പ്രതിഷേധിച്ചും ബഹുമാന്യരായ നേതാക്കൾ ബിജെപിയിലെത്തും. 

ഇ‌ടതുമുന്നണിയിൽനിന്നുള്ള നേതാക്കൾ നാളെയില്ല. പക്ഷേ, വരും ദിവസങ്ങളിൽ ഇടതു നേതാക്കളും ബിജെപി പാളയത്തിലേക്കെത്തും. പത്തനംതിട്ടയിൽനിന്ന് നിരവധി കോൺഗ്രസ് പ്രവർത്തകർ ഈ തിരഞ്ഞെടുപ്പ് കാലത്ത് എൻഡിഎയിൽ ചേരും.’ – സുരേന്ദ്രൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories