Share this Article
100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി; 74 സ്ഥിരം ജീവനക്കാർക്ക് സസ്‌പെൻഷൻ;26 താൽക്കാലിക ജീവനക്കാരെ നീക്കം ചെയ്തു
വെബ് ടീം
posted on 16-04-2024
1 min read
being-drunk-on-duty-disciplinary-action-against-100-ksrtc-employees

തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി.2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്‌സ് സ്‌പെഷ്യല്‍ സർപ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോ​ഗ്രാമിന്റെ ഭാ​ഗമായാണ് നടപടി.കെ.എസ്.ആര്‍.ടി.സിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, 9 ബദൽ കണ്ടക്ടർ, ഒരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.

60 യൂണിറ്റുകളിലായി കെ.എസ്.ആര്‍.ടി.സി.യിലെ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരും കെ.എസ്.ആര്‍.ടി.സി.യിലെ ബദൽ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡ്യൂട്ടിക്കെത്തുന്നു വനിതകൾ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്.

വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്റെ ചുവട് പിടിച്ചാണ് പ്രത്യേക പരിശോധന നടത്തിയത്.

ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറുതും വലുതുമായ തെറ്റുകുറ്റങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു എന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുള്ളത്. ഒരു ചെറിയ വിഭാഗം ജീവനക്കാര്‍ ഇപ്പോഴും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് നിരുത്തരവാദപരമായ രീതി അനുവര്‍ത്തിച്ചു വരുന്നതായി കാണപ്പെടുന്നു. അത് ഒരുതരത്തിലും അനുവദിച്ചു നല്‍കുവാനാകില്ല. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ഇതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories