കോൺഗ്രസിന്റെ പരിപാടികളിൽ ഫോട്ടോയിൽ ഇടം പിടിക്കാൻ ഉന്തും തള്ളും ഉണ്ടാക്കുന്നവരും വേദിയുടെ മുൻനിരയിൽ സീറ്റിനായി അടിപിടി കൂടുന്നവരും ഇനി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മെയ് മുതൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കാൻ കെ.പി.സി.സി മാർഗരേഖ തയ്യാറാക്കും. കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെ നേതാക്കൾ തമ്മിൽ ഉണ്ടായ ഉന്തുംതള്ളും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതോടെയാണ് കെ.പി.സി.സി കടുത്ത നടപടികൾക്ക് തീരുമാനിച്ചത്.
ഏറെ വിയർപ്പൊഴുക്കി ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും അഭിമാന സ്തംഭം എന്ന നിലയിൽ പടുത്തുയർത്തിയ കോഴിക്കോട് ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുൻ നിരയിൽ ഇടംപിടിക്കാൻ മുതിർന്ന നേതാക്കൾ തന്നെ ഉന്തും തള്ളും ഉണ്ടാക്കിയത് പാർട്ടിക്ക് വലിയ അപമാനമായിരുന്നു പൊതുസമൂഹത്തിൽ ഉണ്ടാക്കിയത്. നേതാക്കളുടെ ഈ നടപടി സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കി. കെ.പി.സി.സി മുൻ അധ്യക്ഷൻ കെ.മുരളീധരൻ ഉന്തും തള്ളും ഉണ്ടാക്കിയ നേതാക്കൾക്കെതിരെ കഴിഞ്ഞദിവസം രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
ഇത്തരം വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് പാർട്ടി പരിപാടികൾക്ക് കൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരമായി കൂടി ചർച്ച നടത്തി കെപിസിസി ഒരാഴ്ചക്കുള്ളിൽ മാർഗ്ഗരേഖ തയ്യാറാക്കും. പാർട്ടിയുടെ ഓരോ പരിപാടിയിലും ആരൊക്കെ വേദിയിൽ ഇരിക്കണമെന്ന് കൃത്യമായ നിർദ്ദേശം അതിൽ ഉണ്ടാകും. കെപിസിസി തലം മുതൽ ബൂത്ത് തലം വരെയുള്ള പരിപാടികൾക്ക് ഈ മാർഗ്ഗരേഖ ബാധകമായിരിക്കും.
കർശനമായ നിയന്ത്രണത്തിന് കെപിസിസി ഒരുങ്ങുമ്പോഴും കോൺഗ്രസിൽ ഇത് പ്രാവർത്തികമാകുമോ എന്നതാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന ചോദ്യം. അതല്ല എല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ഭാഗമാണെന്ന നേതാക്കളുടെ പതിവ് പല്ലവി വീണ്ടും ആവർത്തിക്കപ്പെടാൻ ഇടയാക്കുമോ എന്നത് കാത്തിരുന്നു കാണണം.