കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികളായ ജിപിഎൽ,എച്ച്പിഎൽ എന്നിവിടങ്ങളിലെ തൊഴിൽ പീഡനത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാർക്കറ്റിങ് മേഖലയിൽ തൊഴിൽ ചെയ്യുന്ന യുവാക്കളെ വസ്ത്രങ്ങൾ അഴിപ്പിക്കുകയും, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിൽ പിന്നാലെയാണ് യുവജന കമ്മീഷൻ്റെ നടപടി. തുച്ഛമായ ശമ്പളം നൽകികൊണ്ട്, തൊഴിലാഴികളെ 12 മണിക്കൂര്‍ വരെ അടിമപ്പണിയെടുപ്പിക്കുന്നുവെന്ന് തൊഴിലാളികൾ വെളിപ്പെടുത്തിയിരുന്നു. ജിപിഎൽ,എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം ജർമൻ ഫിസിക്കൽ ലബോറട്ടറി, ഹിന്ദുസ്ഥാൻ പവർ ലിങ്ക്, എന്നീ പേരുകളിലാണ് കൊച്ചിയിൽ പ്രവർത്തിക്കുന്നത്.
തൊഴിൽപീഡനത്തെ കുറിച്ച് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്. ജില്ലാ ഓഫീസർ കമ്പനിയിൽ നേരിട്ടെത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.അതേ സമയം യുവാക്കൾക്ക് കൊടിയ പീഡനം ഉണ്ടായതിൽ കൊച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.