ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് ചലച്ചിത്ര അക്കാദമി നൽകിയ ഹ്രസ്വ ചിത്രത്തിലെ ദൃശ്യങ്ങൾക്കെതിരെ വിമർശനം. പരാതി ഉയർന്നതിന് പിന്നാലെ ഭീതിതമായ ദൃശ്യങ്ങൾ മാറ്റി ചലച്ചിത്ര അക്കാദമി. അടുത്ത മാസം നടത്തുന്ന ചലച്ചിത്ര ആസ്വാദന ശിൽപശാലയിൽ പങ്കെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമാണ് ആസ്വാദനകുറിപ്പ് തയ്യാറാക്കൽ. ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി അടുത്ത മാസം 2,3,4,5 തീയതികളിലാണ് ചലച്ചിത്ര ആസ്വാദന ശില്പശാല സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ശിശുക്ഷേമ സമിതിയും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിട്ടാണ് ലോകപ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ 1967 ൽ പുറത്തിറങ്ങിയ ‘ദി ബിഗ് ഷേവ്’ എന്ന ഹ്രസ്വചിത്രത്തിലെ ഭീതി ഉളവാക്കുന്ന 3മിനിറ്റ് ഭാഗം ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനായി നൽകിയത്.
അക്കാദമിയുടെ വെബ്സൈറ്റ് വഴിയാണ് അറിയിപ്പ് നൽകിയിരുന്നത്. കുട്ടികളിലെ സിനിമാസ്വാദനം മികവുറ്റതാക്കുകയെന്ന ഉദ്ദേശം വെച്ചാണ് ചലച്ചിത്ര അക്കാദമി സിനിമാ ശില്പശാല സംഘടിപ്പിക്കുന്നത്. ക്ലാസിക് സിനിമകൾ കുട്ടികൾ കാണട്ടെ എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഈ സിനിമാ ദൃശ്യം നൽകിയതെന്ന ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം വ്യാപക പരാതി ഉയർന്നതോടെ പിൻവലിച്ചു.
ദൃശ്യങ്ങൾ ഒഴിവാക്കിയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ തന്നെ അറിയിക്കുകയും ചെയ്തു. സിനിമകളിലെ അക്രമരംഗങ്ങൾ കുട്ടികളെ സ്വാധീനിക്കുമെന്നും അത്തരം രംഗങ്ങൾ സിനിമകളിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള നിലപാട് സ്വീകരിച്ച ചെയർമാനുള്ള ചലച്ചിത്ര അക്കാദമിയാണ് കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ ഭീതിതമായ സിനിമാ ദൃശ്യം നൽകി വിമർശനം നേരിട്ടത്…