സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി പാര്‍ട്ടി നേതൃത്വം. ദുബെയുടെ പ്രസ്താവനയോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. ഇതിനുപിന്നാലെ പാര്‍ട്ടി താക്കീതും നല്‍കി.
സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ഝാര്‍ഖണ്ഡില്‍നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്.രാജ്യത്ത് മത യുദ്ധങ്ങള്‍ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും ആരോപിച്ചു. ഇത് വലിയ വിവാദമായതോടെയാണ് പാര്‍ട്ടിനേതൃത്വം തള്ളിപ്പറഞ്ഞത്.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിര്‍ദേശിച്ച സുപ്രീംകോടതി വിധിക്കെതിരായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പരാമര്‍ശത്തിനെതിരേ വിവിധ പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ദുബെയുടെ പ്രസ്താവനയും.