ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം ചിത്രീകരിച്ചതിനെ തുടർന്ന് പ്ലേസ്റ്റോറിൽ നിന്ന് ചൈനീസ് ആപ്പായ അബ്ലോ നീക്കം ചെയ്യാൻ യു.എസ് ടെക് ഭീമനായ ഗൂഗ്ളിന് നിർദേശം നൽകി കേന്ദ്രസർക്കാർ. പ്രാദേശിക അതിർത്തികൾ തെറ്റായി രേഖപ്പെടുത്തിയ ഭൂപടമാണ് ആപ്പ് ചിത്രീകരിച്ചത്.ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് ആയിരത്തിലേറെ ആളുകൾ ഈ വിഡിയോ ചാറ്റ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ചുവെന്നും ലക്ഷദ്വീപിനെ ആപ്പ് അതിന്റെ ഭൂപടത്തിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്നുമാണ് കേന്ദ്രസർക്കാർ നോട്ടീസിൽ പറയുന്നത്. ഇത് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും അപകടത്തിലാക്കുമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.1990 ലെ ക്രിമിനൽ നിയമ ഭേദഗതി പ്രകാരം ഭൂപടം തെറ്റായി ചിത്രീകരിക്കൽ ആറുമാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 2
023ൽ ഇന്ത്യയുടെ അതിർത്തികൾ തെറ്റായി ചിത്രീകരിച്ചതിന് വേൾഡ് മാപ്പ് ക്വിസ്, എം.എ2 -പ്രസിഡന്റ് സിമുലേറ്റർ എന്നീ ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു.2021ൽ ഐ.ടി നിയമം പാലിക്കാത്തതിന് ട്വിറ്ററിനും ഇന്ത്യ വിലക്കേർപ്പെടുത്തുകയുണ്ടായി. ഇന്ത്യൻ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെ തുടർന്ന് അന്നത്തെ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്കെതിരെ യു.പി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.