Share this Article
Union Budget
വിദ്യാർഥിയായിരിക്കെ ക്ലബിൽ ബൗൺസർ; സാൻ ലോറൻസോ ക്ലബിന്റെ അംഗത്വം; ലബോറട്ടറി ടെക്നീഷ്യൻ; സ്നേഹത്തിന്റെ കുറിയ പാസുകളുമായി വിശ്വാസികളുടെ ക്യാപ്റ്റൻ
വെബ് ടീം
4 hours 30 Minutes Ago
1 min read
pope fransis

ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി പോപ്പ് ഫ്രാൻസിസ്  മടങ്ങിപ്പോകുമ്പോൾ  ആദരിക്കപ്പെടേണ്ടതും അനുകരിക്കപ്പെടേണ്ടതുമായ വിശുദ്ധ ജീവിതം എന്നതിനോടൊപ്പം തന്നെ ഫുട്ബോൾഭ്രമം വിടാത്ത, സ്നേഹത്തിന്റെ കുറിയ പാസുകളുമായി മനുഷ്യരുടെ ഹൃദയമൈതാനങ്ങളിൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ജോർജ് മാരിയോ ബർഗോളിയോ എന്ന വിശ്വാസികളുടെ ക്യാപ്റ്റൻ കൂടിയാണ്.ഏതൊരു അർജന്റീനക്കാരനെയും പോലെ തന്റെ ക്ലബിന്റെ വിജയത്തിൽ സന്തോഷിച്ചു, പരാജയങ്ങളിൽ സങ്കടപ്പെട്ടു. ആൾക്കൂട്ടവും ആരവവും ആവേശമായി ഒരു ബർഗോളിയോ ഉണ്ടായിരുന്നു.

സിരകളിൽ കാൽപന്തിന്റെ തുടിപ്പും പേറി ആ ജീവൻ മൈതാനങ്ങളിൽ നിന്ന് മനുഷ്യമനസുകളിലേക്ക് അതിവേഗം കുതിച്ചുകയറി.ബ്യൂനസ് ഐറിസിലെ സാൻ ലോറൻസോ ക്ലബിന്റെ അംഗത്വമുള്ള ആരാധകനെന്ന ബർഗോളിയോ. ഏതാണ്ട് പന്തുപോലെ ഉരുണ്ടതെന്ന് കരുതുന്ന ഭൂമിയിൽ, ജോർജ് മാരിയോ ബർഗോളിയോ എന്ന ചെറുപ്പക്കാരൻ കാലാന്തരത്തിൽ കോടിക്കണക്കിനു വിശ്വാസികളുടെ ക്യാപ്റ്റനായി. ഫ്രാൻസിസ് മാർപാപ്പ ആയപ്പോഴും ബർഗോളിയോ ഫുട്ബോൾഭ്രമം വിട്ടില്ല. സ്നേഹത്തിന്റെ കുറിയ പാസുകളുമായി മനുഷ്യരുടെ ഹൃദയമൈതാനങ്ങളിൽ പുഞ്ചിരിച്ചു.

പൗരോഹിത്യത്തിന്റെ അത്യുന്നതിയിലും സാധാരണക്കാരനായി, പ്രാർഥനയോടെ ലോകത്തിനു സ്തുതി ചൊല്ലി.1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂനസ് ഐറിസിലാണു ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. റെയിൽവേയിലെ അക്കൗണ്ടന്റായ മാരിയോ ഗ്യൂസെപ്പെ ബർഗോളിയോ വസാല്ലോ  (Mario Giuseppe Bergoglio Vasallo) – റെജീന മരിയ സിവോറി ഗോഗ്ന ദമ്പതികളുടെ 5 മക്കളിൽ ഒരാൾ. ഇറ്റലിയിലെ പീഡ്‌മോണ്ടിൽ ജനിച്ച് 1920ൽ അർജന്റീനയിലേക്ക് കുടിയേറിയതാണ് പിതാവ്. അർജന്റീനയിൽ ജനിച്ചെങ്കിലും പീഡ്‌മോണ്ടിൽ നിന്നുള്ള ഇറ്റാലിയൻ കുടിയേറ്റക്കാരുടെ മകളായിരുന്നു റെജീന. കുട്ടിക്കാലത്തേ ഇറ്റാലിയൻ, സ്പാനിഷ് ഭാഷകൾ ബർഗോളിയോ പഠിച്ചു. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കി.

കുഞ്ഞുന്നാളിലേ സാമൂഹിക ബോധമുള്ളവനായി.അച്ചടക്കമുള്ള ബാലൻ. അത്താഴ സമയത്ത് ബർഗോളിയോയും സഹോദരങ്ങളും പാത്രങ്ങൾ വൃത്തിയാക്കി. ഭക്ഷണം പാഴാക്കാതെ കഴിക്കണമെന്നതും നിർബന്ധമായിരുന്നു. വിദ്യാർഥിയായിരിക്കെ ക്ലബിൽ ബൗൺസറായി ജോലി ചെയ്തു. ഡിപ്ലോമ നേടിയ ശേഷം ലബോറട്ടറി ടെക്നീഷ്യനായി. അക്കാലത്തെ അർജന്റീനയുടെ രാഷ്ട്രീയ അന്തരീക്ഷം യുവാവായ ബർഗോളിയോയെ സ്വാധീനിച്ചു. രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്കാരങ്ങൾക്കു കാരണമായ പെറോണിസത്തിൽ ആകൃഷ്ടനായി. തൊഴിലാളി വർഗത്തിന്റെയും ഗ്രാമീണ മേഖലകളുടെയും പുരോഗതി, വരുമാനത്തിലെ വ്യത്യാസങ്ങൾ എന്നിവയെപ്പറ്റി ആഴത്തിൽ ചിന്തിച്ചു.എപ്പോഴും പുഞ്ചിരിക്കുന്ന, നർമബോധമുള്ള യുവാവ്.

ഹൈസ്കൂൾ പഠനത്തിനു ശേഷം ബ്യൂനസ് ഐറിസ് സർവകലാശാലയിൽ ചേർന്നു. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം. പൗരോഹിത്യത്തിലേക്കുള്ള ഉൾവിളി തോന്നിയതോടെ കാമുകിയുമായി വേർപിരിഞ്ഞു. ചിലെയിൽ മാനവിക വിഷയങ്ങളിൽ പഠനം. 1963ൽ അർജന്റീനയിലേക്ക് മടങ്ങി. സാൻ മിഗ്വലിലെ കൊളീജിയോ ഡി സാൻ ജോസിൽനിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദം നേടി. 1964 മുതൽ 1966 വരെ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1967 മുതൽ 1970 വരെ ദൈവശാസ്ത്രം പഠിച്ചു. 21-ാം വയസ്സിൽ ബ്യൂനസ് ഐറിസിലെ വില്ല ഡെവോട്ടോയിൽ സെമിനാരി പഠനത്തിനു ചേർന്നെങ്കിലും വളരെക്കാലം കഴിഞ്ഞ് 1969ൽ 33ാം വയസ്സിലാണു വൈദികപട്ടം സ്വീകരിച്ചത്. പിന്നാലെ, ജറുസലമിലേക്കു തീർഥാടനം. 1969 ഡിസംബർ 13ന് വൈദികനായി. 1973 മുതൽ 1979 അർജന്റീനൻ സഭയുടെ പ്രൊവിൻഷ്യാൾ. 1980ൽ താൻ പഠിച്ച സാൻ മിഗ്വൽ സെമിനാരിയുടെ റെക്‌ടറായി. 1998ൽ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്. 2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്‌ഠിച്ചു. 2005ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷൻ. 3 വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ദേഹവിയോഗത്തിനു ശേഷം 2005ൽ ചേർന്ന കോൺക്ലേവിൽ പങ്കെടുത്തു. വോട്ടെടുപ്പിൽ അവസാന നിമിഷം വരെ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയോടൊപ്പം പരിഗണിക്കപ്പെട്ടെങ്കിലും തനിക്കു വോട്ട് ചെയ്യേണ്ടതില്ലെന്ന് അഭ്യർഥിച്ച് പിൻമാറി.ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ് ആയിരിക്കെ, കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ, 2013ൽ കത്തോലിക്കാ സഭയുടെ 266–ാം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണു സ്വീകരിച്ചത്. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തു. അക്രമങ്ങളെയും ഹിംസയെയും എന്നും എതിർത്തു.പോപ്പ് ഫ്രാൻസിസിനോടുള്ള ആദരസൂചകമായി  ഇന്നത്തെ ഇറ്റാലിയൻ സീരീ എ മത്സരങ്ങൾ എല്ലാം തന്നെ മാറ്റി വച്ചിട്ടുണ്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories