കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാർട്ടി മുഖപത്രം. കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തിനിടയിലെ നേതാക്കളുടെ ഉന്തും തള്ളും നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തി ആയി പോയെന്ന് വിമർശനം. പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പരിപാടി ഏതുമാകട്ടെ കോൺഗ്രസ് നേതാക്കൾക്കിടയിലെ ഉന്തും തള്ളും കേരള രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട് ഡി സി സിയിൽ നടന്നത്. എന്നാൽ പാർട്ടി മുഖപത്രം തന്നെ വിഷയത്തിൽ വിമർശനമുന്നയിച്ച് രംഗത്തെത്തുന്നത് ഇതാദ്യം, അതും മുഖപ്രസംഗത്തിൽ തന്നെ..
പ്രധാന നേതാക്കൾ തന്നെ പൊതുപരിപാടിയിൽ മുഖം കാണിക്കാൻ തിടുക്കം കൂട്ടുമ്പോൾ പാർട്ടിയുടെ അച്ചടക്കമില്ലായ്മ കൂടിയാണ് പരിഹസിക്കപ്പെടുന്നത് എന്ന വിമർശനം പല കോണിൽ നിന്നും ഉയരുന്നുണ്ട്.
നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണ് കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തിൽ നടന്നതെന്നും പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നുമാണ് മുഖപ്രസംഗത്തിലെ വിമർശനം. പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റ ചട്ടം പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണമെന്ന ആവശ്യവും ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ് അത് കുത്തഴിഞ്ഞ അവസ്ഥയാക്കരുതെന്ന മുന്നറിയിപ്പും മുഖപ്രസംഗം മുന്നോട്ടുവെക്കുന്നു.