സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയായി. പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിലും ഒപ്പം കൂട്ടുകാരെ പിരിയുന്ന വിഷമത്തിലുമാണ് വിദ്യാര്‍ത്ഥികള്‍. ഓട്ടോഗ്രാഫുകള്‍ കൈമാറിയും കണ്ണീര്‍ പൊഴിച്ചുമാണ് പലരും സ്‌കൂളില്‍ നിന്ന് പിരിഞ്ഞ് പോയത്.
പരീക്ഷാക്കാലത്തിന്റെ ചൂടും ആശങ്കകളും ഒഴിഞ്ഞു, പക്ഷേ, പഠിച്ച സ്‌കൂളില്‍ നിന്ന് പടിയിറങ്ങിപ്പോകുന്നതിന്റെ വിഷമമാണ് അവസാന ദിവസം വിദ്യാര്‍ത്ഥികളുടെ മുഖത്ത് കാണാനായത്. പലരും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കെട്ടിപ്പിടിച്ച് കരഞ്ഞു. പരസ്പരം സമ്മാനങ്ങള്‍ കൈമാറി. ഇന്റര്‍നെറ്റിന്റെ ഇക്കാലത്തും ഓട്ടോഗ്രാഫുകളില്‍ കയ്യൊപ്പു ചാര്‍ത്താന്‍ ആരും മറന്നില്ല. ഒപ്പം സെല്‍ഫികളും. . അധ്യാപകരും പ്രിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്്ത് സ്‌നേഹം പങ്കുവെച്ചു. പരീക്ഷയില്‍ വലിയ വിജയ പ്രതീക്ഷയാണ് വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചത്.
70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെയാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടക്കുക. 4,19,362 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. അതേസമയം ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നാളെ പൂര്‍ത്തിയാകും. ഏപ്രില്‍ 3 ന് തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയവും ആരംഭിക്കും. മാര്‍ച്ച് 31ന് സ്‌കൂളുകള്‍ മധ്യവേനലവധിക്കായി അടക്കും.