ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍ ഉള്‍പ്പെടുത്തി ഈടാക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് ഹരിത കര്‍മ സേന.
ഇവര്‍ വീടുകളിലെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടുകാര്‍ യൂസര്‍ഫീ നല്‍കണം. എന്നാല്‍ യൂസര്‍ ഫീ നല്‍കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കിയത്.
തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ച് 50 മുതല്‍ 100 രൂപ വരെയാണ് പ്രതിമാസം യൂസര്‍ ഫീ ആയി ഈടാക്കുന്നത്. ഫീസ് നല്‍കാന്‍ ആളുകള്‍ തയ്യാറാവുന്നില്ല, മാലിന്യമെടുക്കാന്‍ ഹരിത കര്‍മ സേന കൃത്യമായി എത്തുന്നില്ല തുടങ്ങിയ പരാതികള്‍ ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം.
എപിഎല്‍-ബിപിഎല്‍ വ്യത്യാസം പരിഗണിക്കാതെ എല്ലാവര്‍ക്കും ബാധകമാവുന്ന വിധത്തിലാണ് ഉത്തരവ്. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് സേനയുടെ സേവനം നിഷേധിക്കാനും അധികാരമുണ്ട്.