അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. കൂറുമാറിയവര്‍ക്കെതിരെ നടപടിക്കും കോടതി നിര്‍ദേശം നല്‍കി. അതേസമയം ശിക്ഷയില്‍ തൃപ്‌രല്ലെന്നായിരുന്നു മധുവിന്റെ കുടുംബത്തിന്റെ പ്രതികരണം.
കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയുമാണ് ശിക്ഷ. ഒന്നാം പ്രതി ഹുസൈന്‍ 1,05,000 രൂപയും മറ്റു പ്രതികള്‍ 1.18 ലക്ഷം രൂപയും പിഴയൊടുക്കണം. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് ചുമത്തിയാണ് ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. റിമാന്‍ഡ് കാലത്തുതന്നെ തടവ്ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല. 500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് ജയില്‍മോചിതനാകാം.
പ്രതികളുടെ പിഴത്തുകയില്‍നിന്ന് പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ സ്റ്റേ നീങ്ങിയാല്‍ കൂറുമാറിയ 24 സാക്ഷികള്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കാമെന്നും മണ്ണാര്‍കാട്ടെ എസ്.സി എസ്.ടി കോടതി വ്യക്തമാക്കി.
ആള്‍ക്കൂട്ട മര്‍ദനം കേരളത്തില്‍ അവസാനത്തെയാവട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ശിക്ഷയില്‍ തൃപ്‌രല്ലെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു. മേല്‍ക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304(2) വകുപ്പുപ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യയാണ് 13 പ്രതികള്‍ക്കെതിരേ ചുമത്തിയ പ്രധാനകുറ്റം. ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.