ഫയല്‍ നീക്കത്തിൽ പ്രതീക്ഷിച്ച നീക്കം കൈവരിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഫയല്‍ നീക്കത്തിന് വേഗത പോരെന്നും, കെട്ടിക്കിടന്നവയിൽ അമ്പത് ശതമാനം ഫയലുകൾ മാത്രമാണ് തീർപ്പാക്കാൻ കഴിഞ്ഞതെന്നും വിമർശനം.അണ്ടര്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഒരു ഫയല്‍ മരിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഫയൽ നീക്കത്തിന് വേഗത പോരെന്ന് മുഖ്യമന്ത്രി യോഗത്തില്‍ തുറന്നടിച്ചു.
മന്ത്രിസഭ ഒരുപാട് കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഫയൽ നീക്കത്തിൽ ആ ശ്രമം പരാജയപ്പെടുകയാണ്,കഴിഞ്ഞ ഏഴ് വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ അമ്പത് ശതമാനം ഫയലുകൾ മാത്രമാണ് കെട്ടിക്കിടന്നവയിൽ തീർപ്പാക്കാൻ കഴിഞ്ഞത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ആദ്യം അധികാരമേറ്റപ്പോള്‍ പറഞ്ഞ വാചകങ്ങള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. നിങ്ങൾ വിചാരിച്ചാൽ ഒരു ഫയൽ മരിക്കുമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞ മുഖ്യമന്ത്രി ഫയൽ ജീവിപ്പിക്കാൻ ആവശ്യമായ പോസിറ്റീവ് സമീപനമാണ് വേണ്ടതെന്നും പറഞ്ഞു.
കെഎഎസ് ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്ക് വച്ചു