തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമൃഗമായി വൈഗയെന്ന കടുവയെ എത്തിച്ചു. നെയ്യാർ സിംഹസഫാരി പാർക്കില്‍ നിന്നാണ് കടുവയെ എത്തിച്ചത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ജീവികളെ പാര്‍ക്കിലേക്ക് എത്തിക്കും. ഈ വര്‍ഷം അവസാനത്തോടെ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു
നെയ്യാർ സിംഹസഫാരി കേന്ദ്രത്തിലെ പരിപാലന കാലത്തിന് ശേഷമാണ് പുത്തൂർ സുവോളജിക്കൽ പാര്‍ക്കില്‍ വൈഗയെ എത്തിച്ചത്. 12 വയസാണ് വൈഗയുടെ പ്രായം. വയനാട്ടില്‍ നിന്നാണ് ഈ കടുവയെ നെയ്യാറിലെത്തിച്ചത്. പുലര്‍ച്ചെ ആറ് മണിയോടെ പ്രത്യേക കൂട്ടിലാക്കി ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ഏഴ് മണിക്ക് ഐസൊലേഷന്‍ കേന്ദ്രത്തിലെ കൂട്ടിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയെങ്കിലും കടുവ ഇറങ്ങാന്‍ തയാറായില്ല. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് വൈഗയെ ഐസൊലേഷന്‍ കേന്ദ്രത്തിലെ കൂട്ടിലേക്ക് മാറ്റാനായത്.
തൃശൂരിന്‍റെ സ്വപ്നപദ്ധതിയായ സുവോളജിക്കല്‍ പാര്‍ക്ക് 350 ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത്. ലോക പ്രശസ്തനായ ഓസ്ട്രേലിയന്‍ സൂ ഡിസൈനല്‍ ജോന്‍ കോയാണ് മൃഗശാല വിഭാവനം ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ പാർക്കും ആദ്യത്തെ ഡിസൈനർ മൃഗശാലയും കൂടിയാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്.
ഈ വർഷം തന്നെ പാർക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായി മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതിന്‍റെ ആദ്യഘട്ടമായാണ് വൈഗയെ എത്തിച്ചത്. വയനാട്ടില്‍ നിന്നും പിടികൂടി നെയ്യാർ ഡാമിൽ പരിപാലനത്തിലുള്ള ദുർഗയെന്ന പെൺ കടുവയെയും ഉടൻ ഇവിടെ എത്തിക്കും.