ഇറ്റാനഗര്‍: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.
മാര്‍ച്ച് 26-നാണ് മൂവരും കേരളത്തില്‍നിന്ന് അരുണാചലിലേക്ക് പോയത്. 27-ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മൂവരും മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്.
വട്ടിയൂര്‍ക്കാവ് സ്വദേശിയായ ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്. മാര്‍ച്ച് 26-ന് കേരളത്തില്‍നിന്ന് പോയ മൂവരും 28-നാണ് ജിറോയിലെ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം.
നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനാൽ ബന്ധുക്കൾക്കൊന്നും സംശയമുണ്ടായിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനും ഒപ്പം പോയതാണെന്ന് മനസിലായത്.
മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. ഇരുവര്‍ക്കും കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര്‍ പിതാവിനോട് പറഞ്ഞത്. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ബന്ധുക്കളെ വിളിക്കാനുള്ള നമ്പര്‍ എഴുതിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇറ്റാനഗര്‍ പൊലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ മരണ വിവരം അറിഞ്ഞത്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.