Share this Article
image
21 ലക്ഷവും ആഡംബര വാഹനവും കൂടി സ്ത്രീധനമായി വേണം ; യുവതിയെ ഭർത്താവും ബന്ധുക്കളും മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി
വെബ് ടീം
posted on 02-04-2024
1 min read
no-fortuner-in-dowry-up-woman-killed-by-husband-in-laws

ന്യൂഡൽഹി: ആഡംബരവാഹനം ഉൾപ്പെടെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കരിഷ്മ എന്ന യുവതിയെയാണ് മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. കരിഷ്മയുടെ സഹോദരൻ ദീപക്കിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കരിഷ്മയുടെ ഭർത്താവ് വികാസ്, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്കെതിരെയാണ് പരാതി.

വലിയ ആഡംബരത്തോടെ 2022 ഡിസംബറിലായിരുന്നു കരിഷ്മയും വികാസും തമ്മിലുള്ള വിവാഹം. 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‍യുവിയുമാണ് വിവാഹവേളയിൽ കരിഷ്മയുടെ കുടുംബം വികാസിനു നൽകിയത്. എന്നാൽ, ഇതു പോരെന്നു പറഞ്ഞ് വികാസും കുടുംബാംഗങ്ങളും ചേർന്ന് കരിഷ്മയെ പലപ്പോഴായി ക്രൂരമായി മർദ്ദിച്ചതായും, ഇത് മരണത്തിലേക്കു നയിച്ചെന്നുമാണ് പരാതി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹം മുതൽ വികാസിന്റെ കുടുംബം കരിഷ്മയെ മാനസികമായും ശാരീരികമായും മർദ്ദിച്ചിരുന്നതായി സഹോദരന്റെ പരാതിയിൽ പറയുന്നു.

ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചതായി കരിഷ്മ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സഹോദരൻ ഉൾപ്പെടെയുള്ളവർ അന്വേഷിച്ച് എത്തിയപ്പോഴാണ് കരിഷ്മ മരിച്ചതായി അറിയുന്നത്.

തുടക്കം മുതലേ തുടങ്ങിയ സ്ത്രീധന പീഡനം  കരിഷ്മ ഒരു പെൺകുഞ്ഞിനു ജൻമം നൽകിയതോടെ വർധിച്ചതായും പരാതിയിലുണ്ട്. ഇരുവർക്കും ഇടയിൽ പല പ്രശ്നങ്ങളും ഉടലെടുത്തെങ്കിലും, വികാസിന്റെ ഗ്രാമത്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിലൂടെയാണ് എല്ലാം പരിഹരിച്ചത്. ഇതേത്തുടർന്ന് കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി വികാസിനു നൽകിയെങ്കിലും പീഡനം തുടർന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ വികാസിന്റെ കുടുംബം 21 ലക്ഷം രൂപയും ‌ആഡംബര വാഹനവും വേണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തെത്തുകയായിരുന്നുവെന്ന് പറയുന്നു. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള മരണത്തിന് വികാസിനും പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരൻമാരായ സുനിൽ, അനിൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വികാസിനെയും പിതാവ് സോംപാലിനെയും പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories