Share this Article
തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തണം; മസാല ബോണ്ട് കേസിൽ ഇഡിയോട് ഹൈക്കോടതി
വെബ് ടീം
posted on 05-04-2024
1 min read
what-is-the-need-of-questioning-thomas-issac-high-court-to-ed

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത എന്താണെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട്  ഹൈക്കോടതി. അന്വേഷണ ഏജൻസികൾ എല്ലാ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലയെന്നത് അംഗീകരിക്കുന്നു എന്നാൽ ഒരാളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നതിൽ വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു.മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം. ഇഡി സമൻസിനെതിരായ ഹർജി അന്തിമ തീർപ്പിനായി മാറ്റിയപ്പോൾ വീണ്ടും ഇഡി സമൻസയച്ചുവെന്ന് ഐസക്ക് കോടതിയെ അറിയിച്ചു. ഹൈക്കോടതി അനുകൂല ഉത്തരവിടാത്തതിനാൽ ഹാജരാകാൻ ഒരവസരം കൂടി നൽകാമെന്നും മസാലബോണ്ട് വഴി കൈപ്പറ്റിയ തുക എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കണം എന്നുമായിരുന്നു സമൻസിലുണ്ടായിരുന്നത്.

ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമെന്ന് കിഫ്ബിയും കോടതിയിൽ വാദിച്ചു. കിഫ്ബി മാത്രമല്ല മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ഇരുപതിനടുത്ത് സംസ്ഥാനങ്ങൾ മസാലബോണ്ട് സമാഹരിച്ചിട്ടുണ്ട്. തോന്നിയത് പോലെ പണം എടുക്കുകയല്ല ചെയ്തത്. സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നൽകിയതെന്നും കോടതിയിൽ കിഫ്ബി അറിയിച്ചു.

ഇതോടെയാണ് എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യേണ്ടതെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടിആർ രവി ഇഡിയോട് നിർദേശിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടിആര്‍ രവി വ്യക്തമാക്കി.

ഇതിനു പിന്നാലെ ഐസക്ക് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.ഇ ഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുകയാണെന്നും ഇ ഡി യോട് ശക്തമായി ഏറ്റുമുട്ടുമെന്നുമാണ് ഐസക്ക് പ്രതികരിച്ചത്. ഒരു ഇഞ്ച് പോലും ഇ ഡിക്ക് വഴങ്ങില്ലെന്നും ബി ജെ പിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ് ഇ ഡിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി ജെ പിയുടെ കൊള്ളയടിക്കൽ യന്ത്രമാണ് ഇ ഡി. അത്തരത്തിലുള്ള അന്വേഷണ ഏജൻസിയുടെ ഭീഷണിക്ക് താൻ വഴങ്ങില്ലെന്നും ഐസക്ക് പറഞ്ഞു. മസാല ബോണ്ട് കേസിൽ തനിക്കെതിരെ തെളിവുണ്ടെങ്കിൽ ആ തെളിവുമായി ഇ ഡി കോടതിയിൽ വരട്ടെ. നിയമലംഘനം ഉണ്ടെകിൽ കേസ് എടുക്കണം. അല്ലാതെ വെറുതെ വിരട്ടാൻ നോക്കണ്ടെന്നും ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ കാണാമെന്നും ഇ ഡിയെ ഐസക്ക് വെല്ലുവിളിച്ചു.

മസാല ബോണ്ട് കേസിലെ ഐസക്കിന്‍റെ ഉപഹർജി ഇന്ന് പരിഗണിച്ചപ്പോഴാണ് ഇ ഡിക്കെതിരെ ഹൈക്കോടതി ചോദ്യം ഉയർത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങളാണ് ഇഡിയോട് ഹൈക്കോടതി പറഞ്ഞത്. എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശേഷം കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതുവരെ ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടി ആര്‍ രവി  വ്യക്തമാക്കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories