തിരുവനന്തപുരം: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഹൈറിച്ച് തട്ടിപ്പിനെതിരെ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലേറെ കേസുകളാണ് നിലവിലുള്ളത്. കേസുമായി ബന്ധപ്പെട്ട പെര്‍ഫോര്‍മ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഹൈറിച്ചിനു മുമ്പും മറ്റു പേരുകളിലും ഹൈറിച്ച് ഉടമകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഹൈറിച്ച് ഉടമകളായ പ്രതാപന്‍, ശ്രീന എന്നിവർ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പിലൂടെ പേരിലുള്ള സ്‌ഥാവര ജംഗമവസ്‌തുക്കൾ ബഡ്‌സ് ആക്‌ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ജനുവരിയിൽ മറുപടി നൽകിയിരുന്നു.
ഒടിടി പ്ളാറ്റ് ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.അതിനിടെ ഹൈറിച്ചിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായ ശബ്ദരേഖ പുറത്തു വന്നിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഗ്രൂപ്പ് അംഗത്തിന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നത്. അംഗങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് കോടി രൂപ സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയെന്നും ശബ്ദരേഖയില്‍ പറയുന്നു.