Share this Article
എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ 150ലേറെ തവണ പീഡനം’: മലയാളി യുവാവിനെതിരായ പരാതി സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീംകോടതി
വെബ് ടീം
posted on 10-04-2024
1 min read
supreme-court-exonerates-kerala-youth-in-controversial-rape-case-as-survivor-withdraws-complaint.

ന്യൂഡൽഹി: പഠനകാലത്തു നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെതിരെ മുൻ‌ കാമുകി നൽകിയ ബലാംത്സംഗ കേസ് സവിശേഷാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നടപടി. ചെന്നൈയിലെ പഠനകാലത്തു ആണ് പീഡനം നടന്നതെന്നാണ് പരാതിയിലുള്ളത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ കേസിലെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു.

2006-2010 കാലത്തു ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബെംഗളൂരുവിൽ ജോലി ലഭിച്ചു. യുവതിക്കു ജോലി ലഭിച്ചത് ചെന്നൈയിലും. ജോലി ലഭിച്ച ശേഷവും ബന്ധം തുടർന്ന യുവാവ്, പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറി. ഇതോടെയാണ് പെൺകുട്ടി പീഡനപരാതിയുമായി തമിഴ്നാട് പൊലീസിനെ സമീപിച്ചത്. തുടർന്ന് ഈ പെൺകുട്ടിയെത്തന്നെ വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ യുവാവും കുടുംബവും എഴുതി നൽകിയെങ്കിലും, പിന്നീട് അതിൽനിന്ന് പിൻമാറി. ഇതോടെ പൊലീസ് കേസുമായി മുന്നോട്ടുപോയി.ഇതിനിടെ ജോലി ലഭിച്ച് ദുബായിലേക്കു പോയ യുവാവിനെ റെഡ് കോർണർ നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് യുവതി തന്നെ അറിയിച്ചെങ്കിലും, കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി അനുവദിക്കാതിരുന്നത്. ഇതോടെ യുവാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ എം.ആർ. അഭിലാഷാണ് ഹർജിക്കാരനായി ഹാജരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories