Share this Article
ഒമാനില്‍ ശക്തമായ മഴ: വെള്ളപ്പൊക്കത്തില്‍ 12 മരണം, മരിച്ചവരിൽ മലയാളിയും
വെബ് ടീം
posted on 14-04-2024
1 min read
rescue-operations-continue-in-oman-flash-floods

മസ്‌ക്കറ്റ്:ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ 12 മരണം. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി(ഒഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. കാണാതായ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും ഒഎന്‍എ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഒമാനിലെ മഴക്കെടുതിയിൽ  മരിച്ചവരിൽ കൊല്ലം സ്വദേശി സുനിൽകുമാർ സദാനന്ദനും ഉൾപ്പെടുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നേരത്തെ അല്‍ മുദൈബിയിലെ വാദി അല്‍ ബത്തയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.വെള്ളപ്പൊക്കത്തിലും റോഡുകളിലും സബ് വേകളിലും സ്‌കൂളുകളിലും റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളത്തിനടിയിലായ പല സ്ഥലങ്ങളില്‍ നിന്നും താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

വെള്ളപ്പൊക്ക സാഹചര്യത്തില്‍ മസ്‌കത്ത്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ഷര്‍ഖിയ, അല്‍ ദഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

റോയൽ പൊലീസ് ഒമാന്റെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories