ആലപ്പുഴ: സിപിഐഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബിജെപിയില്‍ ചേരാനിരുന്നത് ഇ പി ജയരാജനാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചയും പൂര്‍ത്തിയായിരുന്നതാണെന്നും പാര്‍ട്ടി ക്വട്ടേഷന്‍ ഭയന്നാണ് ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു. ഇ പി ജയരാജന്റെ മകന്‍ തനിക്കു മെസേജ് അയച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
പിണറായി വിജയനോളം തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ നന്ദകുമാര്‍ ഇടപെട്ട് ശ്രമം നടത്തിയിരുന്നതായി ദിവസങ്ങള്‍ക്കു മുന്‍പ് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് പേരു പറഞ്ഞിരുന്നില്ല. പിന്നീട് പേര് വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ പിയുടെ പേര് ഇന്ന് ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്.വോട്ട് രേഖപ്പെടുത്തി.
ഭൂമിക്ക് വേണ്ടി കത്തയച്ചുവെന്നത് ദല്ലാള്‍ നന്ദകുമാര്‍ പറയുന്ന കഥ മാത്രമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ഒരു കത്തും അയച്ചിട്ടില്ല. നിഴലില്‍ നടക്കാന്‍ നന്ദകുമാറിനെ അനുവദിക്കില്ല. ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം. വിവാദ ഇടനിലക്കാരന്റേത് സ്ത്രീക്കെതിരായ വ്യക്തിഹത്യയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഡിജിപി മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളക്കാരനല്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ തന്നെയും ഇപി ജയരാജനെയും കാണാന്‍ വന്നിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ചാണ് സംസാരിച്ചത്. തങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവഡേക്കര്‍ പറഞ്ഞു. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാമോയെന്ന് ചോദിച്ചു. പകരം പിണറായി വിജയന്റെ പേരിലുള്ള ലാവലിന്‍ കേസ് അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ നടക്കില്ല എന്ന് ഇ പി ജയരാജന്‍ പറഞ്ഞെന്നും നന്ദകുമാര്‍ പറഞ്ഞു.
അതേ സമയം ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും ശോഭയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ് ഇപി ജയരാജൻ വ്യക്തമാക്കുന്നത്.ഒരു വിവാഹച്ചടങ്ങില്‍ വച്ച് ശോഭ, മകന്‍റെ ഫോൺ നമ്പര്‍ വാങ്ങിയെന്നും ഇടയ്ക്കിടെ,നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു, മകൻ ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും ഇപി പറഞ്ഞു.