കല്‍പ്പറ്റ: കേരളത്തിലെ നക്‌സല്‍ ബാരി പ്രസ്ഥാനത്തിന്റെ പ്രധാനിയും മുതിര്‍ന്ന നക്‌സലൈറ്റ് നേതാവുമായ കുന്നേല്‍ കൃഷ്ണന്‍ (85) അന്തരിച്ചു. അര്‍ബുദ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമാണ്. 1948ലാണ് അദ്ദേഹം മാനന്തവാടിക്കടുത്ത് വാളാട് എത്തിയത്. ഹൈസ്‌കൂള്‍ പഠനകാലത്ത് കെഎസ്എഫില്‍ വര്‍ഗീസിന്റെ (നക്‌സലൈറ്റ് വര്‍ഗീസ്) കൂടെ പ്രവർത്തിച്ചു. വര്‍ഗീസിനൊപ്പം പ്രവർത്തിച്ച നേതാക്കളിലെ അവസാന കണ്ണിയാണ്.പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.
സിപിഐഎം പിളര്‍ന്നപ്പോള്‍ നക്‌സല്‍ ബാരി പ്രസ്ഥാനത്തിനൊപ്പമാണ് കൃഷ്ണന്‍ ഉറച്ചു നിന്നത്. അന്ത്യം വരെ ആ രാഷ്ട്രീയ പാതയില്‍ തന്നെയായിരുന്നു. അടിയന്തരാവസ്ഥയിലും തുടര്‍ന്നും സംസ്ഥാനത്ത് അരങ്ങേറിയ ന്‌സലൈറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണന്‍ നേതൃപരമായ പങ്ക് വഹിച്ചു.
കേണിച്ചിറ മഠത്തില്‍ മത്തായി വധം, ജന്മിമാരുടെ വീടാക്രമിച്ച സംഭവം, കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങിയവയില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട് കൃഷ്ണന്‍. നിരവധി തവണ ജയില്‍ വാസവും അനുഭവിച്ചു. ക്രൂര മര്‍ദ്ദനത്തിനും അക്കാലത്ത് ഇരയായി.
സമീപ കാലത്തു വരെ ജനകീയ സമരങ്ങളില്‍ സ്ഥിരമായി പങ്കെടുത്തിരുന്നു. മരണം വരെ സിപിഐ (എംഎല്‍) റെഡ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവുമായിരുന്നു. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററായിരുന്നു.
ഭാര്യ: കനക. മക്കള്‍: അജിത് കുമാര്‍, അനൂപ് കുമാര്‍, അരുണ്‍ കുമാര്‍, അനിഷ, അനീഷ്.