Share this Article
Union Budget
കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിന്?: മന്ത്രി വി ശിവൻകുട്ടി
വെബ് ടീം
posted on 29-03-2025
1 min read
minister

തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിനെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 'ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും.'- മന്ത്രി പ്രതികരിച്ചു.സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.എമ്പുരാൻ റിലീസിന് പിന്നാലെ ചിത്രം ചർച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകൾ ചിത്രത്തിനെതിരേ രംഗത്തെത്തി. ഇതിനുപിന്നാലെ 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും സെൻസർ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനമായിരുന്നു. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരിലും മാറ്റം വരുത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര്, സ്ത്രീകൾക്കെതിരായ അക്രമദൃശ്യങ്ങൾ, എന്നിവ ഒഴിവാക്കും. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുന്നത് ഉൾപ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories