വാരാണസി:‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്ന,കാവി കൊടിയെ ആദരിക്കുന്ന മുസ്ലിങ്ങള്‍ക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്ന് ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത്. നാലുദിവസത്തെ വാരാണസി സന്ദര്‍ശനത്തിനിടയില്‍ മോഹന്‍ ഭാഗവത്, ലജ്പത് നഗര്‍ കോളനിയിലെ ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിനാണ്, മുസ്‌ലിങ്ങള്‍ക്കും ശാഖയില്‍ പങ്കെടുക്കാമെന്ന് ഭാഗവത് പറഞ്ഞത്.
വ്യത്യസ്തമായ മതാചാരങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണ്. എല്ലാ വിശ്വാസത്തില്‍പ്പെട്ടവര്‍ക്കും ജാതിയില്‍ പെട്ടവര്‍ക്കും ആര്‍എസ്എസ് ശാഖകളിലേക്ക് എത്താം. ജാതിവിവേചനം അവസാനിപ്പിച്ച് ശക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.ശാഖകളില്‍ വരുന്നവര്‍ക്ക് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ശങ്ക ഉണ്ടാകരുത്. കാവി കൊടിയെ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന എല്ലാവര്‍ക്കും ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്നാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്. അതുപോലെ കാവിക്കൊടിയെ ആദരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.